
മെക്സിക്കോയിൽ 23 വയസ്സുകാരിയായ ബ്യൂട്ടി ഇൻഫ്ലുവൻസർ വലേറിയ മാർക്വസിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നിൽ ലിംഗാധിഷ്ഠിത കൊലപാതകമായ ഫെമിസൈഡെന്ന് പ്രാഥമിക നിഗമനം. ഒരു സ്ത്രീയെ അവളുടെ ലിംഗഭേദം കാരണം മാത്രം കണ്ടെത്തി കൊലപ്പെടുത്തുന്നതിനെയാണ് ഫെമിസൈഡ് എന്ന് പറയുന്നത്. സ്ത്രീവിദ്വേഷം മാത്രമാണ് ഇത്തരം കൊലപാതകങ്ങൾക്ക് പ്രേരണ.
സ്ത്രീകളുടെ ജീവിതം നിയന്ത്രിക്കാൻ അവകാശമുണ്ടെന്ന ചിന്ത വെച്ചുപുലർത്തുന്ന പുരുഷന്മാരാണ് ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത്. സ്ത്രീകളുടെ മേൽ സ്വാതന്ത്ര്യം സ്ഥാപിക്കുന്നതിനോ, താൽപര്യം നിരസിക്കുന്നതിനോ, അല്ലെങ്കിൽ പൊതുരംഗത്ത് കാണുന്നതിനോ വിജയിക്കുന്നതിനോ അവരെ ശിക്ഷിക്കാൻ തങ്ങൾക്ക് അധികാരമുണ്ടെന്ന് ഇത്തരം പുരുഷന്മാര് വിശ്വസിക്കുന്നു. 2020ൽ മെക്സിക്കോയിലെ ശരാശരി നാല് സ്ത്രീ കൊലപാതകങ്ങളിൽ ഒന്ന് ഫെമിസൈഡ് ആണെന്ന് സംശയിക്കുന്നതായി ആംനസ്റ്റി ഇന്റർനാഷനൽ ചൂണ്ടിക്കാട്ടുന്നു.
ടിക് ടോക്, ബ്യൂട്ടി സംരംഭക എന്നീ നിലകളിൽ വലേറിയയ്ക്ക് ഇൻസ്റ്റഗ്രാമിൽ 1,49,000ൽ അധികവും ടിക് ടോക്കിൽ 114,000ൽ അധികവും ഫോളോവേഴ്സ് ഉണ്ടായിരുന്നു. മരണത്തിന് തൊട്ടുമുൻപ്, അവർ കണ്ണാടിയിൽ നിന്നുള്ള ഒരു സെൽഫിയും മറ്റ് ചിത്രങ്ങളും മോഡലിങ് ഷോട്ടുകളും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. സപ്പോപാനിൽ സ്വന്തം ബ്യൂട്ടി സലൂണായ ബ്ലോസത്തിൽ വച്ച് ആരാധകരുമായി ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെയാണ് സംഭവം. ആരാധകരുടെ മുന്നിലിരുന്ന് ഒരു മൃഗത്തിന്റെ രൂപം അടങ്ങിയ പാഴ്സൽ തുറക്കുന്നതിനിടെ, ആയുധധാരിയായ ഒരാൾ സലൂണിലേക്ക് അതിക്രമിച്ചു കയറി വലേറിയയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.











